
പാരിസ്: യുദ്ധം, വ്യാപാരം, ആഗോള സുരക്ഷ തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങൾ ചർച്ചയായ ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കളുടെ ചില അനൗപചാരിക സംഭാഷണങ്ങളും ശ്രദ്ധനേടി. യോഗങ്ങളുടെ ഇടവേളകളിൽ മൈക്കിലൂടെ അബദ്ധത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട സംഭാഷണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി താൻ ഒരു മാസം മുൻപ് പുകവലി ഉപേക്ഷിച്ചതായി സഹനേതാക്കളോട് പറഞ്ഞതാണ് ആദ്യം ശ്രദ്ധ നേടിയത്. തുടർന്ന് പുകവലിയെക്കുറിച്ചുള്ള സൗഹൃദസംഭാഷണം ചൂടുപിടിച്ചു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയോട് യുകെ പ്രധാനമന്ത്രി കിയ സ്റ്റാമെർ പുകവലി നിർത്തിയത് എപ്പോഴാണെന്ന് ചോദിച്ചപ്പോൾ, 21 വർഷമായി പുകവലി ഉപേക്ഷിച്ചിരിക്കുകയാണെന്നായിരുന്നു കോസ്റ്റയുടെ മറുപടി.
ഫിഫ ലോകകപ്പ് ആവേശവും ഉച്ചകോടി വേദിയിൽ നിറഞ്ഞു. ഫ്രഞ്ച് പ്രതിനിധികൾ സ്വന്തം ടീമിനെ പിന്തുണച്ച് സംസാരിക്കുമ്പോൾ, ലോകചാംപ്യൻമാരായ സ്പെയിനിനെതിരെ കാബോ വെർദെ സമനില നേടിയതിനെ കിയ സ്റ്റാമെർ പ്രത്യേകമായി പരാമർശിച്ചു. “വളരെ ശ്രദ്ധേയമായ നേട്ടമാണ് അത്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ജർമൻ ദേശീയ ഫുട്ബോൾ ടീമിന്റെ ജഴ്സി സമ്മാനിച്ചു. ട്രംപിന്റെ പേരും യുഎസിന്റെ 47-ാമത് പ്രസിഡന്റിനെ സൂചിപ്പിക്കുന്ന ‘47’ എന്ന നമ്പരും ജഴ്സിയിൽ രേഖപ്പെടുത്തിയിരുന്നു.
ഉച്ചഭക്ഷണത്തിനുശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തന്റെ കൈവാച്ച് മറന്നുവച്ചതും രസകരമായ നിമിഷങ്ങൾക്ക് വഴിവച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് വാച്ച് അവിടെ കിടക്കുന്നതായി മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. “അദ്ദേഹം തിരികെ വന്നില്ലെങ്കിൽ അത് എനിക്ക് തന്നേക്കൂ,” എന്ന് ട്രംപ് തമാശയായി പറഞ്ഞതോടെ നേതാക്കൾക്കിടയിൽ ചിരിപടർന്നു.
ഗൗരവമേറിയ നയചർച്ചകൾക്കൊപ്പം ഇത്തരത്തിലുള്ള ലളിതവും സൗഹൃദപരവുമായ നിമിഷങ്ങളും ജി7 ഉച്ചകോടിയുടെ മറ്റൊരു മുഖം ലോകത്തിന് മുന്നിലെത്തിച്ചു.










